സ്മിതം ബുക്സ്
എന്‍റെ വെളിച്ചം കണ്ട കവിതകള്‍
കവിതകള്‍
അനൂപ്.എം.ആര്‍
ആദ്യ പ്രസിദ്ധീകരണം: 2009 മാര്‍ച്ച്
ലേഔട്ട്: സ്മിത ആന്‍റണി
അച്ചടി: സ്വയം
പകര്‍പ്പവകാശം: നിക്ഷിപ്തം
വിലാസം:
ANOOP.M.R
#41, 8/4 MARAPPA GARDEN
3RD CROSS,
BENSON TOWN
BANGALORE
560046
EMAIL: anoopmr5@gmail.com
MOBILE: 09739650284
എന്‍റെ 2001 മുതല്‍ 2006 വരെ പ്രസിദ്ധീകൃതമായ കവിതകള്‍
ദ ജേര്‍ണീ 2001
ഗവ. കോളേജ് ചിറ്റൂര്‍
കാറ്റ് പറഞ്ഞത്
കാറ്റു പറഞ്ഞു: പോകാം നമുക്ക് ആഹ്ലാദത്തിന്‍റെ
താഴ്വാരങ്ങളിലേക്ക്
ആമോദത്തിന്‍റെ
പൂന്തോട്ടങ്ങളിലേക്ക്
മനസ്സു പറഞ്ഞു: പോകാം നമുക്ക് ഭിക്ഷക്കാരുടെ തെരുവുകളിലേക്ക് പീഡിതരുടെ ചേരികളിലേക്ക് മരണങ്ങളുടെ
ഗോരാനിലേക്ക്
മനസ്സ് കൈചൂണ്ടിപ്പറഞ്ഞു:
ആ പ്രേമഗാനം കേള്‍ക്കൂ ആ മൃദുലപ്പറവകളെക്കാണൂ
കാറ്റു പറഞ്ഞു: പക്ഷിക്കു ചിറകുണ്ട് പക്ഷി പ്ലാസ്റ്റിക്കാണ്
തൂവലുകള്‍ കൂര്‍ത്തിട്ടാണ്
അവ വിഷം പുരട്ടിയ അമ്പുകളാണ്
മനസ്സു പറഞ്ഞു: ഇതു വസന്തം
മാമ്പഴക്കാലം
കാറ്റു പറഞ്ഞു: മാമ്പഴം പുളിക്കുമെന്ന് അകം കറുത്തിട്ടാണെന്ന് അണലിക്കുഞ്ഞുങ്ങള്‍
അതിനകത്താണ്
വളരുന്നതെന്ന്
സ്മൃതികള്‍ പറഞ്ഞു:
പണ്ടുകാലം പഴയതാണ്
വിശപ്പിന്‍റെ വിരലുകളുരുണ്ടതാണ്
ആഹ്ലാദങ്ങളിലിരുട്ടിലാണ് പൂന്തോട്ടങ്ങള്‍ സ്വര്‍ഗ്ഗത്തിലാണ്
ആത്മാവു പറഞ്ഞു: ആവേശങ്ങള്‍ നെഞ്ചിലാണ്
ആഹ്ലാദങ്ങള്‍ സിരയിലാണ്
വസന്തം തലച്ചോറിലാണ്
മാമ്പഴം വിളയുക
കണ്ണുകളിലാണ്
പ്രണയം പൂക്കുക മനസ്സിലാണ്
കാറ്റു പറഞ്ഞു:
കരുതിയിരിക്കുക! പക്ഷികളെയും മാമ്പഴങ്ങളെയും
സൂക്ഷിച്ചുനോക്കുക
ഓര്‍മ്മിക്കുക! ഹൃദയം മുറിഞ്ഞവരെ മരണം കവര്‍ന്നവരെ
നീ നിന്നെ മറന്നേക്കുക അന്യരിലൂടെ നിന്നെക്കാണുക കാലം കനലാണ്
നിങ്ങളൊന്നിച്ചതിരുതാണ്ടുക
സ്റ്റുഡന്‍റ്
ഡിസംബര്‍ 2001
അയാളിപ്പൊഴും പിന്തുടരുന്നു
നടപ്പാതയില്‍
മഞ്ഞുണ്ടായാലുമില്ലെങ്കിലും
നിന്‍റെ ദൃഷ്ടിപാതത്തിനെന്തയവ്! നിഴലുകളും കാല്‍പാടുകളുമില്ലാത്ത ചെകുത്താനാണു നീ.... കാലുകള്‍ തറയിലൂന്നാതെ വിജനത പൂത്ത തെരുവിലെ തണുത്തു മരച്ച കാറ്റുപോലെ
പുല്‍മേടുകളില്‍
കുറ്റിക്കാടുകളില്‍
ഘോരവനങ്ങളില്‍
നീയെന്നുമെന്നെ
പിന്തുടരുന്നു
ഉള്‍ക്കിടിലമോര്‍ക്കുമ്പൊഴിപ്പൊഴും
ജീര്‍ണ്ണാകാരങ്ങള്‍
വിഷവാതകങ്ങള്‍
അഗ്നിഭോജ്യങ്ങള്‍... ഏതും നിന്‍റെ കൂട്ടുകാര്‍ ബന്ധുക്കള്‍... നീയെന്‍റെയും....!
കാമ്പസ് ഏജ്
കേരളകൌമുദി
21-05-2002
ഇതും കൂടി
ഈ അവസാനത്തെ
മുല്ലപ്പൂകൂടി
ശിരസ്സിലണിയുക
അവസാനത്തേതെന്നു ധരിച്ച്
ഈ നറും കാറ്റും
നാട്ടുവെളിച്ചവും കൂടി കരളിലേറ്റു തിരിച്ചുപോവുക അവസാനമവസാനമെന്നു പറഞ്ഞു മതിയാകാതെ
അവസാന വണ്ടിയിലാദ്യ
യാത്രികയായി നീ മടങ്ങുക തിരിച്ചുവരാത്തൊരു തീവണ്ടിയും കാത്ത് അവസാനമില്ലാതെ........
ഞാനിങ്ങനെ...
മിറാഷ്
ഗവ. കോളേജ് ചിറ്റൂര്‍
2002
പ്രണയാപരാഹ്നങ്ങള്‍
ഇത് നാട്ടുവെളിച്ചമാണ്
തീര്‍ച്ച
ഇതൊരു സായന്തനമാണ്
ഇതു വേനലാണ് പക്ഷേ കുളിരുണ്ട് തീര്‍ച്ച ഇന്ന് മഴയുണ്ട്
ഇതു വിരഹമാണ് പക്ഷേ നീയുണ്ട് തീര്‍ച്ച നീയെന്‍റെ
അരികില്‍ത്തന്നെയുണ്ട് വീണ്ടും കാണുമെന്നറിയാം
അപ്പോള്‍ ഞാനന്ധനാകും
കേള്‍ക്കുമെന്നറിയാം അപ്പോള്‍ ഞാന്‍ മൂകനാകും
ചൂടപ്പെട്ട മുല്ല മാത്രം മണക്കും
ഞാന്‍ നീയാകും
നീ ഞാനുമാകും!
നമ്മള്‍ രണ്ടാളും
വായുവും മര്‍ദ്ദവുമുരുണ്ടുകൂടിയ ഒരു ഗുരുമര്‍ദ്ദമേഖലയിലാണ്
നമുക്കേതെങ്കിലും കാലത്ത് കാറ്റായിപ്പോകേണ്ടിവരും
മഴകള്‍ക്ക് കൂട്ടുനില്‍ക്കേണ്ടിവരും
പോക്കുവെയിലൊരിക്കലും വെയിലല്ല നാട്ടുവെളിച്ചമൊരിക്കലും വെളിച്ചവുമല്ല നമുക്ക് കാറ്റാകാം
മഴയാകാം
ചിലപ്പോള്‍ രണ്ടുമാകാം
മഴയായിരിക്കെത്തന്നെ പ്രണയദാഹമടങ്ങാത്ത
വേഴാമ്പലുകളാണ് നമ്മള്‍!
കാമ്പസ് ഏജ്
കേരളകൌമുദി
23-07-2002
തോരാമഴയത്ത്
തോരാമഴയത്ത് നനഞ്ഞൊലിച്ചു വിറച്ചുനില്‍ക്കുന്ന നിറമില്ലാത്ത എന്‍റെ ഹൃദയത്തിന് ചൂടാന്‍
നീയെന്‍റെ
വര്‍ണ്ണക്കുട നഷ്ടബോധങ്ങളുടെ
തോരാമഴയത്ത്
ഒരേ കുടയില്‍
നമ്മള്‍
ബാല്യകാല
സഖാക്കളായിരുന്നെങ്കില്‍
കാമ്പസ് ഏജ്
കേരളകൌമുദി
06-08-2002
പിറവി
നിന്നില്‍ത്തന്നെയാണ്
കൊടും വേനലും
മൂടല്‍മഞ്ഞും
പിറക്കുന്നത് നിന്‍റെ കൈവെള്ളയിലാണ് വരകളും
ശീതോഷ്ണപ്പാടുകളും പിറക്കുന്നത്
എന്‍റെ ഗംഗയും
നിന്‍റെ കടലും പിറക്കുന്നത് നിന്‍റെ ശിശിരത്തിലും വസന്തത്തിലും
ഒരു ശംഖുപുഷ്പം മാത്രം ബാക്കിയാകുന്നു
നമ്മുടെ പ്രണയത്തിന്‍റെ കണ്ണുള്ള ശംഖുപുഷ്പം... നമ്മളറിയുന്നു
കടലും ഗംഗയും ഒന്നാകുന്നിടത്ത്
ഒരു ശംഖുപുഷ്പം കൂടി വിരിയും
കാമ്പസ് ലൈന്‍
മലയാള മനോരമ 02-09-2002
ഒരിലകൂടി
ഒഴുക്കിലൊരിലകൂടി
മുങ്ങിപ്പോയെന്നു കരുതുക വെള്ളത്തിലെഴുതിയ
തറിയാഞ്ഞാല്‍
കൈവിരല്‍കൊണ്ടു മണലിലെഴുതിയ വാക്കുകള്‍
വായിച്ചുതീര്‍ത്ത് കാല്‍കൊണ്ട് തട്ടിമായ്ക്കുക.
സ്റ്റുഡന്‍റ്
നവംബര്‍ 2002
ഒടുവില്‍ ഗുജറാത്ത്
ഒടുവില്‍
‘രാം രഹീം നഗരം’ രാമന്‍റേതു മാത്രമായി
പിറന്നമണ്ണ്
പറഞ്ഞുകൊണ്ടേയിരുന്നു പോകൂ പുറപ്പെടൂ....
ഒന്നലറിക്കരയാന്‍ പോലും
കഴിയാതെ ഗുജറാത്ത് വിട്ടോടുന്ന
റഹീമാണ് ഗുജറാത്ത്
രാമനും കൂടി
ഭൂമി നഷ്ടപ്പെടുകയാണ്.
സ്റ്റുഡന്‍റ്
നവംബര്‍ 2002
ഗുജറാത്ത്
ഇന്ന് നീയെന്‍റെ
ശവമാണ്
പ്രിയപ്പെട്ട ഗുജറാത്ത്,
ഞാനൊരു മുസ്ലീം യുവാവാണ്...എന്‍റെ കൂട്ടുകാര്‍ രാമനും കൃഷണനും ഒന്നും എന്നോടൊന്നും പറയുന്നില്ല. ജോസഫ് നേരത്തേ തന്നെ നാടു വിട്ടിരുന്നു.
ഗുജറാത്ത്
ഇന്നലെ എന്‍റേതുമായിരുന്നു ഇന്ന് നീയെന്‍റെ ശവമാണ്
എന്‍റെ ആമിനയ്ക്കു മുന്നില്‍
ഞാനെത്തിയത്
പതിനെട്ട് പിളര്‍പ്പുകളുമായാണ്
എങ്കിലും ആമിന കരയില്ല ഗുജറാത്ത് എനിക്ക് നല്‍കിയ സമ്മാനമാണിത്!
എന്‍റെ പെങ്ങളെവിടെയാണെന്ന്
എനിക്കറിയില്ല തലയറുത്തുമാറ്റപ്പെട്ടെങ്കിലും
എന്‍റെ 21 വയസ്സിന്‍റെ
പരിചയം കൊണ്ട്
ഞാനെന്‍റെ
ഉമ്മയേയും ബാപ്പയേയും
തിരിച്ചറിഞ്ഞു
എന്‍റെ കൂട്ടുകാരന്‍റെ
കുഞ്ഞിന്
വയറ്റില്‍ വെച്ചുതന്നെ
പുറം ലോകം നല്‍കപ്പെട്ടെന്ന്
ഞാനറിഞ്ഞു
അധികാരത്തിന്‍റെ
തോക്കുകളൊക്കെ വെടിപൊട്ടിക്കുമ്പോള്‍
ചെന്ന് തറയ്ക്കുന്നത്
മുസ്ലീങ്ങളുടെ നെഞ്ചില്‍ മാത്രമാണ്
എന്നാലും എനിക്ക് ദുഃഖമുണ്ട്
ഗുജറാത്ത്
നീയെന്‍റെ സ്പന്ദങ്ങളും
നിശ്വാസങ്ങളുമായിരുന്നു
സ്വപ്നങ്ങളും പൂര്‍ണ്ണതകളുമായിരുന്നു
നിന്‍റെ വയലില്‍ ഞാന്‍
കോതമ്പുവിതച്ചിരുന്നു നിന്‍റെ കരിമ്പിന്‍തോട്ടങ്ങളില്‍
എന്‍റെ ചോരയും
നീരുമുണ്ടായിരുന്നു
ഗുജറാത്ത്...പേക്ഷേ ഒന്നെനിക്കറിയാം
ഗുജറാത്തില്ലെങ്കില്‍ എനിക്കൊന്നുമില്ല ഒരു ശവകുടീരം... ഭാരതത്തില്‍ കറുത്തൊരദ്ധ്യായമായി അശരീരിവാക്യങ്ങള്‍
അലിഖിതങ്ങളിലെഴുതി
ഈ ജീവവായുവില്‍
ഞാനലിയുന്നു
ഗുജറാത്ത് ഇന്ന് നീയെന്‍റെ ശവമാണ്
സസ്നേഹം, റഹീം.
വാരാന്ത്യകൌമുദി
കേരളകൌമുദി
03-11-2002
പറയാന്‍ വിട്ടുപോയത്
ഞാനെന്തോ
പറയാന്‍ വിട്ടുപോയി
വാക്കുകള്‍
ചിതറിക്കിടക്കുന്ന ഇടനാഴിയില്‍
കുത്തിത്തറയ്ക്കുന്ന പല ലിപികളും നമ്മള്‍
കണ്ടെത്തി... ചുണ്ടുകള്‍ക്ക് ചോര നഷ്ടപ്പെടുമ്പോള്‍
പകരം കണ്ണുകളീറനണിയുന്നു
കവിളുകള്‍ ജല വാഹിനികളാവുകയാണ്
കണ്ണീരുകൊണ്ട് വായിക്കാവുന്ന അലിഖിതങ്ങള്‍... നമുക്ക് ഒരനന്തതയാക്കിമാറ്റാം.. എന്നിരുന്നാലും
വിഷാദം
വസന്തകാലത്തെ
കാറ്റുപോലെയാണ്
അത് പടര്‍ന്നു പിടിക്കുന്നു....
കാമ്പസ് ലൈന്‍
മലയാള മനോരമ 02-12-2002
3 കവിതകള്‍
ജനലുകള്‍ തുറന്നിടുക
ജനലുകള്‍ എന്നും
തുറന്നിടുക മുറിയുടേയും
മനസ്സിന്‍റെയും
മുറിയില്‍ കയറിയത് കാറ്റ്
എനിക്കുള്ളില്‍ കയറിയത്
നീ!
മറുപടികള്‍
ഓരോ ചുംബനങ്ങള്‍ക്കും
മാനത്തു നിന്ന്
പൊട്ടിവീഴുന്ന അനേകായിരം
മഴത്തുള്ളികളുടെ
മറുപടികളുണ്ട്
ടൈംപീസ്
ഞെട്ടിയുണരുമ്പോള്‍
ഒരു കോഴി കൂവി
സ്വപ്നങ്ങള്‍
തോന്ന്യാസക്കാരായ ടൈംപീസുകളാണ്
എന്‍റെ ലിഖിതങ്ങള്‍
അലിഖിതങ്ങളും.
കാമ്പസ് ലൈന്‍
മലയാള മനോരമ 12-05-2003
2 കവിത
കടല്‍ക്കിനാവുകള്‍
കടല്‍ക്കുതിരകളുടെ കണ്ണില്‍
താഴ്ന്നുപോയ സൂര്യന്‍ വീണ്ടും
പിടഞ്ഞെണീക്കുമെന്നു തന്നെ കരുതിയിരിക്കുക അനന്തസായാഹ്നം പോലെ
വേര്‍പാടിന്‍റെ വേനലില്‍
എന്‍റെ കടല്‍ക്കിനാവുകള്‍
പായ്ക്കപ്പല്‍
നിലവറയില്‍ ഓട്ടുകിണ്ടിയ്ക്ക് ക്ലാവുപിടിച്ചു
ഓര്‍മ്മകളുടെ കടലില്‍
ഇന്നലെകളുടെ
കാറ്റുണ്ട്
എന്‍റെ കണ്ണില്‍
പഴയൊരു പായ്ക്കപ്പലുണ്ട്
കാമ്പസ് ഏജ്
കേരളകൌമുദി
01-06-2003
മൌനങ്ങളില്‍ മഴ
കാറ്റിന്‍റെ ആര്‍ദ്രമായ കൈകളില്‍ ഉഷ്മളമായ
സന്ധ്യാ
ദീപമുണ്ടായിരുന്നു
ഇന്നലെകളുടെ
നാമജപങ്ങളുമായി
മുകളില്‍ നിന്നും
മഴ ഭൂമിയിലേക്കിറങ്ങിവന്നു
മൌനങ്ങളില്‍
മഴയുടെ വെള്ളപ്പൊക്കമുണ്ടായി എങ്കിലും മഴ
വാക്കായിരുന്നില്ല മഴ വാചാലമായിരുന്നു.. നിന്നെയറിയാന്‍
ഇരുട്ടില്‍
എനിക്കിടിവെട്ടത്തിന്‍റെ
വെളിച്ചം വേണ്ടിയിരുന്നില്ല
ദേശാഭിമാനി വാരിക 22-06-2003
ഗാന്ധിയോടിന്ന്
ജാതിചോദിക്കാം
കണ്ണീരില്‍ നമുക്കിന്ന്
ടാറ്റാ ഉപ്പാണ്
ഒരു കോണ്‍ഗ്രസ്സുകാരനിലും
ഗാന്ധി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നില്ല
ഗാന്ധിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍
അവര്‍ക്കിന്ന്
മുറിവുകളില്‍ വിതറിയ കടലുപ്പാണ്
അതിനാലിന്ന് നമ്മള്‍
ഗാന്ധിയെ അര്‍ദ്ധകായപ്രതിമകളില്‍
അടക്കം ചെയ്തു രാജ്ഘട്ടിലെ ഗാന്ധിയോടിന്ന് നമ്മള്‍
ജാതി ചോദിക്കുന്നു
വെബ്സൈറ്റുകളുടെ
വിത്തുകളും
ആഗോളാന്നവുമുള്ളതുകൊണ്ട്
കര്‍ഷകമരണങ്ങളെ ന്യായീകരിക്കുന്നു
നമുക്കിന്ന് ഓര്‍മ്മകളും
കഴിഞ്ഞകാലത്തിന്‍റെ
ഭാഷയും നഷ്ടമായിരിക്കുന്നു
രാജ്ഘട്ടില്‍ നിന്നും
ഗാന്ധി അപ്രത്യക്ഷനായിരിക്കുന്നു.
റിഫ്ലക്ഷന്‍സ്
ഗവ. കോളേജ് ചിറ്റൂര്‍
2003
കാമ്പസ് സ്കെച്ചുകള്‍
മന്ദാരങ്ങള്‍ക്കുതാഴെ
പൂത്ത മന്ദാരങ്ങള്‍ക്കുതാഴെ നമ്മള്‍
പുറം ചാരിയിരുന്ന്
സ്വപ്നങ്ങള്‍ കണ്ടു
ചൂളമരങ്ങളില്‍
നമുക്കായപ്പോള്‍
ഒരു സംഘഗാനമുണ്ടായിരുന്നു
നിന്‍റെ കൈവെള്ള നിറയെ പുഴയോളങ്ങളായിരുന്നു
അതെന്നെ സാന്ത്വനിപ്പിക്കുന്നു
പുഴയോരത്ത് നിലയ്ക്കാതെ ഒഴുകിക്കൊണ്ടിരുന്ന ഇപ്പുഴയ്ക്ക്
തടയണ കെട്ടിയതാരാണ്? പ്രിയപ്പെട്ട വഴിപോക്കരേ നിങ്ങളിലാരാണ്
കടന്നല്‍ക്കൂടിന് കല്ലെറിഞ്ഞത്?
നീ പറഞ്ഞത്
എന്‍റെ ആവനാഴിയിലെ അവസാനത്തെ അമ്പും
ഞാന്‍ നിനക്കുതരാം
വേദനിപ്പിക്കുന്ന വാക്കുകള്‍ പിറക്കും മുമ്പേ എന്‍റെ മഷിക്കുപ്പി
എയ്തുവീഴ്ത്തുക
വാഗ്ദാനങ്ങള്‍
നാളെ ഞാന്‍ വരും
കുന്നിമണികളുമായി അതിന്‍റെ
ചുവന്ന ഭാഗം എന്‍റെ വാഗ്ദാനങ്ങളും
കറുത്ത ഭാഗം
എന്‍റെ ശ്രമങ്ങളുമാണ്
എനിക്കറിയാം
ഉഷ്ണരാത്രിയിലെ തണുത്തകാറ്റിന്‍റെ
ആലിംഗനം പോലെ നീയൊരിക്കല്‍
വരുമെന്നെനിക്കറിയാം
എന്‍റെയുഷ്ണകാലം
നീ വരും വരെ
അവസാനിക്കാത്ത പാതയാണ് കടലുകൊതിച്ചിട്ടും
എത്തിച്ചേരാത്ത ഇച്ഛാഭംഗത്തിന്‍റെ
പുഴയാണ്
ഇത്തിരിവെട്ടം
ഓര്‍മ്മകളേ ഇറങ്ങിവരൂ എഴുത്തിന്‍റെ
ഇത്തിരിവെട്ടത്തിലേക്ക് പുത്തനുടുപ്പുകളെക്കാള്‍
എനിക്കു പ്രിയപ്പെട്ടത് ഓര്‍മ്മകളാണ്
മാതൃഭൂമി ആഴ്ചപ്പതിപ്പ്
23 നവംബര്‍ 2003 * റോട്ടറി അവാര്‍ഡ് നേടിയ കവിത
ഗ്രീഷ്മം
ഇന്നലെ:
നീ വരും വരെ മനസ്സില്‍ നൂറായിരം
ഒഴിഞ്ഞ
കണ്ണാടികളായിരുന്നു
വേനല്‍ക്കുന്ന് കയറുന്നതിനിടെ പോയകാലങ്ങളിലേക്ക്
തിരിച്ചൊഴുകുന്ന നദിയാകണമെന്ന് തോന്നിയിരുന്നു
ഗ്രീഷ്മത്തിന്‍റെ വരാന്തയില്‍
കാറ്റുകളെന്നെ
പൊള്ളിച്ചിരുന്നു
വേനലില്‍ ഒരു
മഴപെയ്തിറങ്ങുമെന്ന്
സ്വപ്നം കണ്ടിരുന്നു
ഇന്ന്:
ഗ്രീഷ്മത്തിന്നുള്‍ച്ചൂടില്‍
അപ്രതീക്ഷിതമായി എന്നില്‍ പെയ്തു തുടങ്ങിയ
മഴയാണ് നീ നിന്നില്‍ നിറങ്ങളുടെ മൌനം
നാളെ:
നീ ചിത്രങ്ങളിലൂടെ
പുനര്‍ജ്ജനിക്കുക.
സംഭാഷണം
ജനുവരി 2004 * മൂന്നാമിടം കലാലയ സംസ്ഥാന അവാര്‍ഡ്
പറയാന്‍ വിട്ടുപോയത്
1
ഞാനെന്തോ
പറയാന്‍ വിട്ടുപോയി
വാക്കുകള്‍ ചിതറിക്കിതക്കുന്ന
മൌനത്തിന്‍റെ
ഇടനാഴിയില്‍
കുത്തിത്തറയ്ക്കുന്ന പല ലിപികളും
നമ്മള്‍ കണ്ടെത്തി ചുണ്ടുകള്‍ക്ക്
ചോര നഷ്ടപ്പെടുമ്പോള്‍
പകരം കണ്ണുകളീറനണിഞ്ഞു കവിളുകള്‍ ജലവാഹിനികളാവുകയാണ്
കണ്ണീരുകൊണ്ട് വായിക്കാവുന്ന
അലിഖിതങ്ങളെ
നമുക്കൊരനന്തതയാക്കി മാറ്റാം
എന്നിരുന്നാലും
വിഷാദം
വസന്തകാലത്തെ
കാറ്റുപോലെയാണ്
അത് പടര്‍ന്നുപിടിക്കുന്നു
2
ജനലുകളെന്നും
തുറന്നിടുക മുറിയുടെയും
മനസ്സിന്‍റെയും
മുറിയില്‍ കയറിയത്
കാറ്റ്
എന്നുള്ളില്‍ കയറിയത്
നീ
3
മുടന്തുകാലന്‍
മുടന്തിനെ ഒളിപ്പിക്കാന്‍
ശ്രമിക്കുന്നതുപോലെയാണ്
പ്രണയിക്കുന്നവര്‍
ഹൃദയമൊളിപ്പിക്കാന്‍ ശ്രമിക്കുന്നത്
സൂര്യമുഖമുള്ള
ആകാശനീലിമയിലും
നീലിച്ച ഒരു പൂവുണ്ട്
ഓരോ ചുംബനങ്ങള്‍ക്കും
മാനത്തു നിന്ന് പൊട്ടിവീഴുന്ന
അനേകായിരം തുള്ളികളുടെ
മറുപടികളുണ്ട്
4
നാളെ ഞാന്‍ വരും
കുന്നിമണികളുമായി
അതിന്‍റെ ചുവന്ന ഭാഗം
എന്‍റെ വാഗ്ദാനങ്ങളും
കറുത്ത ഭാഗം എന്‍റെ
ശ്രമങ്ങളുമാണ്
5
കാറ്റിന്‍റെ ആര്‍ദ്രമായ
കൈകളില്‍
ഊഷ്മളമായ
സന്ധ്യാദീപമുണ്ടായിരുന്നു
ജപങ്ങളുമായി മഴ
ഭൂമിയിലേക്കിറങ്ങി വന്നു
ഇരുട്ടില്‍ നിന്നെയറിയാന്‍
എനിക്കിടിവെട്ടം വേണ്ടിയിരുന്നില്ല
6
അവസാനത്തെ അസ്ത്രം
ഞാന്‍ നിനക്കുതരാം
വേദനിക്കുന്ന വാക്കുകള്‍
പിറക്കും മുമ്പേ
എന്‍റെ മഷിക്കുപ്പി
എയ്തു വീഴ്ത്തുക
ദേശാഭിമാനി വാരിക
22-02-2004
ജീവിക്കുന്നു ഗോഡ്സേ
പിതാവേ അങ്ങിനി
ഉച്ചരിക്കാനാകാത്ത വാക്കുകളില്‍
അസ്വസ്ഥമായി
റാം റാം വിളിക്കുകയില്ല രക്തം പതറാതെ പരന്ന കണ്ണു തുടയ്ക്കാതെ അങ്ങ്
ശവകുടീരത്തിലുറങ്ങാതിരിക്കുന്നു
ഒന്ന്...രണ്ട്...മൂന്ന്
പുകയുന്ന നിറതോക്കില്‍ നോക്കി
അങ്ങൂറിച്ചിരിച്ചു
‘എനിക്കറിയാമായിരുന്നു’
പക്ഷേ ഗോഡ്സേ
ചിരികള്‍ മറക്കാനോ
മായ്ക്കാനോ അല്ല ചിരിയില്‍ നിന്നും ചിന്തയുടെ ചാരം
പറന്നുപൊയ്ക്കൂടാ
ചോരയില്‍ അങ്ങയുടെ നാമം ഒഴുകിമറഞ്ഞില്ല
എന്‍.വി പ്രവചിച്ചതുപോലെ
ഗോഡ്സേ ഇന്നൊരു
മഹാവൃക്ഷമാണ്
ദരിദ്രഗാന്ധിയുടെ നാട് ഗോഡ്സെയുടെ സ്വന്തം നാട്
അങ്ങയുടെ സമാധികുടീരത്തില്‍
ഗോഡ്സെമാരിന്ന് പൂക്കളര്‍പ്പിക്കുന്നു
രഘുപതി പാടുന്നു.... അങ്ങുറങ്ങുവതെങ്ങനെ
ക്ഷമയസ്തമിക്കുന്നൊരു ദിവസം മരണത്തിലും മരിക്കുന്നതിനു മുമ്പ്
സമാധികുടീരത്തില്‍ നിന്നങ്ങ്
പുറം തിരിഞ്ഞ് നടന്നുമറയും
ഗോഡ്സെയുടെ
സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍
ഭാവിയിലെയൊരു താളില്‍
ഗോഡ്സയെ വെടിവെച്ച
ഗാന്ധിയാകാതിരുന്നാല്‍ നന്ന്
ഗാന്ധിയില്ലെങ്കിലും ഗോഡ്സേ
ഇന്നും നമ്മോടൊപ്പമുണ്ട്
മനീഷ
ഫെബ്രുവരി 2004
സഹനമഴ
വേനലിന്നുള്‍ച്ചൂടില്‍
നീയെന്നില്‍
അപ്രതീക്ഷിതമായി
പെയ്തുതുടങ്ങിയ മഴ നിന്നില്‍ നിറങ്ങളുടെ മൌനമുണ്ടായിരുന്നു
ഉറക്കത്തിന്‍റെ
വഴികളില്‍
ഞാന്‍ നിന്നെ
സ്വപ്നം കണ്ടിരുന്നു
ഞാനറിഞ്ഞിരുന്നു
കാറ്റേ നിന്നില്‍
മഴയുടെ ചുടുനിശ്വാസം
വേനല്‍ നീ സഹിക്കുമ്പോള്‍
എന്‍റെ മഴേ
ഞാന്‍ നിന്‍റെ
കുളിരറിയുകയായിരുന്നു.
വീഞ്ഞ്
ശ്രീ കേരളവര്‍മ്മ കോളേജ്
2004
സമര്‍പ്പണം
പാറപ്പുറങ്ങളില്‍
ശേഖരിക്കാനാകാത്ത
മഴപോലെയും
തളച്ചിടാനാകാത്ത
കാറ്റുപോലെയും
അമ്മിഞ്ഞയും ചോരയും
വിയര്‍പ്പും
കുലം കുത്തിയൊഴുകിപ്പോയി, കലര്‍ന്നൊഴുകി തെരുവില്‍
കട്ടപിടിച്ചിരിക്കുന്നു
വിടര്‍ന്ന കൈകളില്‍
നക്ഷത്രങ്ങള്‍ ചേക്കേറാത്തിടത്തോളം
കണ്ണില്‍ നിലാവും കണ്ഠത്തില്‍ താരാട്ടും
പിറക്കാത്തിടത്തോളം
അനാഥമായ തന്‍റെ നെഞ്ചിനെ
തുറന്നുകാട്ടി
കാലം നിഷേധിക്കുന്ന കുട്ടി
മറുലോകം സ്ഥാപിച്ച്
അവിടെ സ്വയം
അവരോധിതനാകും
ജീവിതത്തിന്‍റെ പുറമ്പോക്കുകളിലേക്ക്
വലിച്ചെറിയപ്പെട്ടവര്‍ക്കും
തെരുവില്‍ കട്ടപിടിച്ച
ജീവിതങ്ങളെ
ഇളക്കിമറിച്ച്
ജീവിതം കണ്ടെത്തുന്നവര്‍ക്കും
ഈ ശ്രമം സമര്‍പ്പിക്കുന്നു.
വീഞ്ഞ്
ശ്രീ കേരളവര്‍മ്മ കോളേജ്
2004
ചിന്താപര്‍വ്വം
ഓരോ മസ്തിഷ്കത്തിലും
ഒളിഞ്ഞുകിടക്കുന്ന
അനേകം സമുദ്രാന്തര
അഗ്നിപര്‍വ്വതങ്ങളുണ്ട്
ലാവയുറഞ്ഞിട്ടും
പാറയാവാത്തതാണ്
ചിന്തയുടെ താഴ്വാരങ്ങള്‍
വിതയ്ക്കാനിന്നും
മനുഷ്യരാശിയും
പങ്കുകൊള്ളാന്‍ കിളികളും
ഒക്കെയുണ്ട്
അബോധപൂര്‍വ്വമായ
ജീവിതത്തിന്‍റെ
ബോധമൂര്‍ച്ഛയും
അടയാളങ്ങളുമാണ്
ഉപന്യാസങ്ങള്‍;
ഇനി ധ്യാനനിരതമാവുക
വീഞ്ഞ്
ശ്രീ കേരളവര്‍മ്മ കോളേജ്
2004
കഥാപര്‍വ്വം
കഥയില്ലാത്ത ജനത ഹൃദയമില്ലാത്ത മനുഷ്യശരീരത്തിന് തുല്യമാണ്
കഥമതിയും കുതമതിയും
കുളിക്കാന്‍ പോയതും
കരിയിലയും
മണ്ണാങ്കട്ടയും
ഒഴുക്കില്‍പെട്ടതും
അറിയാത്ത ആരോ പറഞ്ഞ കഥ ഏഴുനിറം ചേര്‍ന്ന് നൂറാകുമ്പോലെ
കഥയില്‍ പതിനായിരം
മുഖങ്ങളുണ്ട്.
വീഞ്ഞ്
ശ്രീ കേരളവര്‍മ്മ കോളേജ്
2004
കാവ്യപര്‍വ്വം
ഓരോ കവിതയും
അന്വേഷണക്കുറിപ്പുകളാണ്
നിഷേധമാണ് അനുകൂലിക്കലാണ്
കലാപവും
പോരാട്ടവുമാണ് സംഗീതവും
ഉര്‍വ്വരതയുമാണ് ഋതുസംഗമവും
സംക്രമവുമാണ് കവിതയുള്‍ക്കൊള്ളാത്തതൊന്നും ജീവിതവുമുള്‍ക്കൊള്ളുന്നില്ല ഋജുരേഖിയായ കാറ്റ്
പിരിശംഖിലൂടെ
വളഞ്ഞിറങ്ങിവരുമ്പോലെ
കവിമുറിയിലേക്ക്
കടന്നുവരിക
വീഞ്ഞ്
ശ്രീ കേരളവര്‍മ്മ കോളേജ്
2004
അറിയുന്നു
നമുക്കിടയില്‍
പലപ്പോഴും നമുക്കിടയില്‍
അക്ഷരങ്ങള്‍
പേമാരിയായിപ്പെയ്തു
അരണ്ടവെളിച്ചത്തില്‍
വൈദ്യുത ലിപിക്കുറികളായി
തീക്കാലം!
നീ ലിപിക്കുറി ചാര്‍ത്തിയ
മനസ്സുമായി
എനിക്കെഴുതുന്നു ഞാന്‍ സ്വപ്നം കാണുന്ന
കണ്ണുകളുമായി
തിയതിയുടെ തീയിനെ
തല്ലിക്കെടുത്തുന്നു
ഹൃദയരേഖയില്‍
വടക്കുനോക്കിയെ മുറുകെപ്പിടിച്ച്
ഹൃദയത്തിന്‍റെ അക്ഷാംശങ്ങളിലൂടെയും
രേഖാംശങ്ങളിലൂടെയും
സഞ്ചരിച്ചു
ഹൃദയമദ്ധ്യത്തിലൂടെ പോയവര്‍ ഉഷ്ണത്തിന്‍റെ
മദ്ധ്യരേഖയെത്തൊട്ടു
നിറയെ നക്ഷത്രങ്ങള്‍
പ്രഭാത ബീജമൊരു പേരാലായി സായാഹ്നത്തിന്‍റെ വേരുകള്‍
തടികളില്‍ നിന്നിറങ്ങിവന്നു
വേരുകള്‍ക്കിടയിലൂടെ ആകാശം അരുമകളുടെ പേരില്‍ നക്ഷത്രങ്ങള്‍
ഋതുപരിണാമികളായത്
ഓര്‍ക്കുന്നു....പുഴയുടെ വഴികള്‍
ഇരുണ്ടതും
അപ്രത്യക്ഷമായതും
അങ്ങനെ എല്ലാ ഋതുക്കളും നീയായതും
ഞാന്‍ തിരഞ്ഞത്
ഭൂപടത്തില്‍ ഒളിച്ചോട്ടത്തിന്‍റെ
വഴി ഞാന്‍ തിരഞ്ഞപ്പോള്‍
നീ തിരുത്തിക്കുറിച്ചുതന്നത്
തിരിച്ചറിവിന്‍റെ
ഭൂപ്രദേശം
ഞാനറിഞ്ഞത്
നീയെന്‍റെ ദിക്കും
ദീനവും അറിയുന്നവള്‍
സാഹിത്യവേദി
നവംബര്‍ 2004
തീയൂതുക
കൂട്ടുകാരാ
നമുക്കിതയില്‍
ഒരധികപ്പറ്റായി
എന്തിനാണ് മൌനം!
നിന്‍റെ ഹൃദയമൊരു
നെരിപ്പോടായിരിക്കുമ്പോള്‍
നീ വാചാലതയുടെ
തീയൂതുക തോല്‍വിയുടെ
ദിനങ്ങളിലുണ്ടായ അടിമയുടെ വേദന പകുത്തുകളയുക വെളിപാടുകളുടെ
ഭസ്മക്കളത്തില്‍
ചോരയിറ്റിച്ച്
ഇനി പ്രതിജ്ഞയുടെ
പ്രാരാബ്ധം പേറുക പ്രജ്ഞയില്‍
സ്ഥൈര്യം നിഴലിക്കുമ്പോള്‍
തോല്‍വിയുടെ
കിരീടങ്ങള്‍
തറയില്‍ വീണുടയുമെന്ന്
ആര്‍ക്കാണറിയാത്തത്!
മൊഴിവര
സൌഹൃദം ബുക്സ്
ഡിസംബര്‍ 2004
നമ്മള്‍ നമ്മളായിരിക്കുക
നക്ഷത്രങ്ങളെപ്പോലെ രാത്രിമുഴുവന്‍ കാവലിരിക്കാം ഒരു ഗ്രഹം നോക്കും പോലെ കണ്ണിമയ്ക്കാതെ നോക്കിയിരിക്കാം
ധ്രുവനക്ഷത്രം പോലെ
അനങ്ങാതെ ചാഞ്ഞുനോക്കാം
കൊടുങ്കാറ്റത്തും
നക്ഷത്രങ്ങളൊന്നും അണയാറില്ലെന്ന്
കുഞ്ഞുങ്ങള്‍ക്ക്
പറഞ്ഞുകൊടുക്കുക
അവസാനത്തെ നാളവുമണയുമ്പോള്‍
നിഴലുകള്‍ പോലും നമുക്ക്
നഷ്ടപ്പെടുമെന്ന്
അവരെപ്പറഞ്ഞ്
മനസ്സിലാക്കുക ഹൃദയത്തിലേക്ക്
തുളഞ്ഞുകയറിപ്പോയ
വെടിച്ചില്ലുകള്‍ പോലെ വാക്കുകള്‍
മരിക്കും വരെ ഉള്ളില്‍ പാറാവിരിക്കട്ടെ
നാളെകള്‍ ബാക്കിയില്ലെങ്കിലും
ഓര്‍മ്മകള്‍ കുറിമാനങ്ങളാകട്ടെ
അശരീരികളെപ്പോലെന്നും
കൂടെയുണ്ടാകട്ടെ
നമ്മള്‍
നമ്മളായിത്തന്നെയിരിക്കട്ടെ.
ഉണ്‍മ മാസിക
ഏപ്രില്‍ 2005
തനിച്ച്
എന്‍റെ ഹൃദയത്തില്‍
നിന്നെ ഞാനൊരു
പച്ചത്തുരുത്തായി
രേഖപ്പെടുത്തിയിരിക്കുന്നു
ഭൂമദ്ധ്യരേഖയിലെ എന്‍റെ വീട്ടില്‍
ഞാന്‍ തലവേവുമായി
തനിച്ചിരിക്കുന്നു
മനീഷ
ജൂണ്‍ 2005
നിലയ്ക്കാതെ
മഴേ
നീ മാതാവാണെങ്കില്‍
എനിക്കീ
തണുത്ത രാത്രിയില്‍
മഴത്തുള്ളികളുടെ
മുത്തുപതിപ്പിച്ച
ഒരു കുഞ്ഞുടുപ്പും മാതൃവാത്സല്യവും
തരിക... ഇന്നലെയും അമ്മ
വന്നിരുന്നു
മധുരമാമ്പഴങ്ങളുടെ
കഥപറഞ്ഞും കൊണ്ട് കണ്ണീരിന്‍റെ കൈകളും
ഉള്ളില്‍ നെരിപ്പോടിന്നുഷ്മളതയുമായി... മഴയുടെ ഉള്ളടക്കത്തില്‍
ഉണര്‍വ്വിന്‍റെ
ഇന്നലെകളുണ്ടായിരുന്നു
നിലയ്ക്കാതെപോയൊരു
പാട്ടിന്‍റെയോര്‍മ്മയ്ക്ക് ഞാന്‍
താളം പിടിക്കുന്നു
ഇടത്താവളങ്ങളുടെ
വിഭ്രാന്തികളിലൂടെ
ദൂരെ
ചരിഞ്ഞ കാറ്റിനോടൊപ്പം
എനിക്ക്
എന്‍റെ അമ്മ
നടന്നടുക്കുന്നത് കാണാം...........!
ദേശാഭിമാനി ആഴ്ചപ്പത്തിപ്പ്
20-07-2005
മനുഷ്യദൈവങ്ങള്‍
അപകടകാലത്ത്
പരാജയപ്പെടുന്ന വേദാന്തപുസ്തകം
കത്തിച്ചുകളയുക...
ദരിദ്രന്‍റെ
ചാളയിലേക്ക്
ഇറങ്ങിവരാത്ത ഈശ്വരന്മാരെ
ചില്ലുടച്ച് ചിത്രങ്ങളില്‍ നിന്ന്
പടിയിറക്കിവിടുക
മനുഷ്യദൈവങ്ങള്‍
ജനനനിയന്ത്രണമില്ലാതെ
പിറക്കുമ്പോള്‍
ദൈവങ്ങളുടെ
ഗതികേടിനെ ഓര്‍ത്ത്
വ്യസനിക്കുക
കേരളവര്‍മ്മ * 2005 ല്‍ ഒന്നാം സ്ഥാനം നേടിയ കവിത
* 2005- മലയാള പഠനഗവേഷണ കേന്ദ്രം കവിതാ അവാര്‍ഡ്
ഒരു കത്ത്
കൂട്ടുകാരീ നീയറിയാന്‍ ഒരു വൃദ്ധന്‍,
എന്‍റെ അമ്മയും പെങ്ങളും കേണ്ണീരുതിളപ്പിച്ച്
വഴിയേ പായുന്നു
മാറാടും ഗുജറാത്തും
പലകുറിയാവര്‍ത്തിക്കുന്നു
സംസ്കാരഗോപുരം
ചെരിഞ്ഞിരിക്കുന്നു
നായ്ക്കള്‍ക്ക്
കാമവെറികൊണ്ട്
നൂറ്റൊമ്പത് പനിക്കുന്നു
നീയറിഞ്ഞുവോ
തകര്‍ന്നുപോയ്
നമ്മുടെ മന്ദിരം
ഇന്നവിടെയൊരു
പഞ്ചനക്ഷത്രമദ്യക്ഷേത്രം
ചെറുതിലേ ജരാനര ബാധിച്ച് കുട്ടികള്‍ മുതിര്‍ന്നിരിക്കുന്നു
അവര്‍ക്ക് ഭൂതകാലമില്ലാതിരിക്കുന്നു
മുറ്റങ്ങള്‍ കോണ്‍ക്രീറ്റിനാല്‍ തീര്‍ത്ത്
വന്‍മതിലുകള്‍ തീര്‍ത്ത് ജീവിക്കുന്നു
നമ്മുടെ പുസ്തകം
അവര്‍ ഇരട്ടവാലനും
ചിതലിനും കൊടുക്കുന്നു
ഓര്‍ക്കുന്നുവോ?
എല്ലാ ഋതുക്കളും
നമുക്കൊരുകാലമായത് തൊടിയിലും പുഴയോരത്തും അന്യന്‍റെ മാവിലും
തുരുതുരെക്കല്ലെറിഞ്ഞത്
സമയം തെറ്റിത്തിരിഞ്ഞോടും വഴി
മരച്ചുവട്ടിലെവിടെയോ
പുസ്തകം മറന്നുവെച്ചത്
പുസ്തകത്തിന് നാം മാമ്പഴക്കാലമെന്ന് പേരിട്ടത്
മാമ്പഴമൊരു ഫലമല്ല അതൊരു കാലമാകുന്നു
കൂട്ടുകാരീ, മാമ്പഴത്തിന്‍റെ
ചുണതട്ടിപ്പൊള്ളിയ
നിന്‍റെ കവിളത്തുതരാന്‍
ഒരുമ്മയുണ്ട്
നമ്മോടൊപ്പം ഈ
പുസതകവുമൊടുങ്ങുന്നു
നമ്മുടെ നാടിന്‍റെ
മാമ്പഴക്കാലമൊടുങ്ങുന്നു.
നിര്‍ത്തുന്നു,
സസ്നേഹം,
....................
കാമ്പസ് ലൈന്‍
മലയാളമനോരമ
22-08-2005
നാല് കവിതകള്‍
പൂര്‍ത്തിയാകാത്ത പുസ്തകം
കാമുകി
ഒരു
നാനര്‍ത്ഥ
നിഘണ്ടുവാണ്
പൂര്‍ത്തിയാകാത്തതുകൊണ്ട് ഒരിക്കലും
തുന്നിക്കെട്ടാനും പ്രസിദ്ധീകരിക്കാനും
കഴിയാത്ത
ഒരു പുസ്തകം
കടുക്
ഒരുനുള്ളുപ്പില്‍ നിന്ന്
നിനക്കാരാണ്
ദുഃഖത്തിന്‍റെ
കടല്‍ തന്നത്?
ഒരുണക്കവേരില്‍ നിന്ന്
നിനക്കാരാണ് ബുദ്ധനെ
കടഞ്ഞുതന്നത്?
നീയെന്നാണ്
കടുകായത്
കടലില്‍ വീണത്
പ്രകാശക്കാറ്റ്
രാത്രിയില്‍
തലയ്ക്കുചുറ്റും
നക്ഷത്രങ്ങള്‍
കൊരുത്തിട്ട് ഭൂമിക്കു
മാകാശത്തിനുമിടയില്‍
നീ പ്രകാശക്കാറ്റായി
വീശുന്നു
ചോരവറ്റിയ വാക്ക്
ചുംബനം കൊണ്ട് തുടുത്ത
തെച്ചിപ്പൂവാകുന്നു ശകലിത മൌനം
പതിനായിരത്തില്‍
തിളച്ചാവിയാകുന്നു
തിരികെ
ഒരിക്കല്‍
നീയെനിക്ക്
തീ തന്നു ഇന്നു നീ എന്നെ
തല്ലിക്കെടുത്തുന്നു.
പക്ഷം
ശ്രീ കേരളവര്‍മ്മ കോളേജ്
ഡിസംബര്‍ 2005
അടയാളജീവിതം
വരിക കാണുകെ
ന്നടയാളജീവിതം
തരിക താരക മുടയാട ഭൂഷകള്‍
തുടരുകോര്‍മ്മ തന്നാകാശ
സഞ്ചാരം നീട്ടുകോമനേ ജീവന്‍റെ
ഭൂമിപീഠം
കൂട്ടുക ഉലയില്‍
നീറ്റുക
കറുത്തവാവിനെ വിടര്‍ത്തുക
വെളിച്ച ക്കൈപ്പത്തികള്‍
വരിക കാണുകിതെ
ന്നുഭയജീവിതം
വറുതിക്കുളങ്ങളേ
തരിക താമര.
പക്ഷം
ശ്രീ കേരളവര്‍മ്മ കോളേജ്
ഡിസംബര്‍ 2005
ഇടമോള്‍
നിന്‍റെ
അച്ഛനമ്മമാര്‍ക്ക്
ഇടമോളാണ് നീ മൂത്തവള്‍ക്ക്
ഇളയവളും
ഇളയവള്‍ക്ക്
മൂത്തവളും
ഇടമോള്‍ക്ക്
ഒരിടമുണ്ടോ?
ആകാശ
പാതാള
സ്വര്‍ഗ്ഗങ്ങള്‍ക്കിടയില്‍
നിനക്കൊരു
ത്രിശങ്കു സ്വര്‍ഗ്ഗമെങ്കിലുമുണ്ടോ?
പക്ഷം
ശ്രീ കേരളവര്‍മ്മ കോളേജ്
ഡിസംബര്‍ 2005
ഒരു ജീവിതം കൊണ്ട്
വാക്കില്ലായ്മകളിലെ
വര്‍ത്തമാനമറിയണമെങ്കില്‍
ഒരു പുഴയ്ക്കടിയില്‍
കിടക്കണം
ലാവയില്‍ തിളയ്ക്കണം
ചോരയിലുരുവിനെക്കടയണം
പാടാനാകാത്ത
പാട്ടുകേട്ട്
നൂറ്റാണ്ടുകള്‍
ഒരു കല്ലായി
വഴിയരികില്‍
കിടക്കണം
അപ്പോള്‍
ഞാനെന്‍റെ
ജീവിതം കൊണ്ട്
നിനക്കായിപ്പാടും
കൃഷ്ണമണിയിലെ
പറിച്ചെടുത്തൊരു
അര്‍ദ്ധചാപം കൊണ്ട്
നിനക്കു ഞാനെഴുതും
പക്ഷം
ശ്രീ കേരളവര്‍മ്മ കോളേജ്
ഡിസംബര്‍ 2005
ആമുഖം
വായനക്കാരാ,
ഇടയ്ക്ക് നിന്‍റെ കണ്ണുകളിലേക്ക് ഉറ്റുനോക്കുകയും
ആഴങ്ങളിലേക്കിറങ്ങിപ്പോവുകയും
ആകാശങ്ങളിലേക്ക് ചിറകടിച്ച് പറന്നുപോവുകയും
വേണമെന്നുള്ളതുകൊണ്ട് ഞങ്ങള്‍ ചിന്തിക്കുന്നു
പറയാനുള്ളതൊക്കെ പറയുന്നു
കേള്‍ക്കാനുള്ളതൊക്കെ കേള്‍ക്കുന്നു
നിന്‍റെ കൈപിടിച്ച് തോളോടുതോള്‍ ചാരിയിരുന്ന്
നമുക്ക് ആകാശത്തെ ശ്വസിക്കാം
നിന്‍റെ ആത്മാവില്‍ നിന്ന് ഞങ്ങള്‍ ഞങ്ങളുടെ
ആത്മാക്കളെ ആവാഹിക്കുകയും
പറയാനുള്ളവയെ പറിച്ചെടുത്ത്
പകര്‍ത്തിയെഴുതുകയും ചെയ്യുന്നു
സ്വന്തം അസ്തിത്വം അന്വേഷിക്കാനുള്ള അവകാശം
തിരിച്ചുപിടിക്കാന്‍ വേണ്ടി നമുക്കുചുറ്റും
കെട്ടുപിണയുന്ന നിഴല്‍ വലകളെ
നമ്മള്‍ തന്നെ വലിച്ചുപൊട്ടിക്കേണ്ടതുണ്ട്
നമുക്കു സ്വന്തം സ്മാരകം പോലെ ചിലത്
കൊത്തിവെക്കാനുണ്ട്
പുതിയവന്‍ ഒന്നിനും കൊള്ളാത്തവനാണെന്നു പറയുന്നവര്‍ക്ക്
നമ്മള്‍ ജീവിതം കൊണ്ടുത്തരം പറയണം
ഓടിയാല്‍ വേലിവരെ മാത്രമോടുന്ന പരിപാകം
വരാത്ത നിരൂപകന്‍റെ വഴിയല്ല നമ്മുടെ വഴി
നിന്നെക്കാത്തിരിക്കുന്നതാരണെന്നും എന്താണെന്നും പറഞ്ഞുതരാം
നീ നോക്കുന്ന നക്ഷത്രത്തെ മറ്റൊരാള്‍
വിദൂരതയിലിരുന്നുകൊണ്ട് ഉറ്റുനോക്കുന്നുണ്ട്
അവന്‍ അല്ലെങ്കില്‍ അവളാണ് നിന്‍റെ സഖാവ്
ഞങ്ങള്‍ നനയുന്ന മഴയിലൂടെ വായനക്കാരാ നീയും കാറ്റായി വീശുന്നില്ലേ?
നിന്നെ മറക്കാതിരിക്കാന്‍ ഓര്‍മ്മിക്കുന്നതോ
ഓര്‍മ്മിക്കാതിരിക്കാന്‍ മറക്കുന്നതോ അല്ല
കൂട്ടുകാരേ നിങ്ങള്‍ പൊള്ളുന്ന വഴിയേ ചെരിപ്പില്ലാതെ നടക്കരുത്
തുന്നിക്കൂട്ടിയ ഈ ചെരിപ്പുകള്‍ ഇതാ........
ശ്രീ കേരളവര്‍മ്മ
ഡിസംബര്‍ 2006
വള
വളതാനല്ലയോ
വളയണിഞ്ഞുനീ
തനിച്ചല്ലല്ലോ
എങ്കിലും നീയത്
തനിച്ചണിഞ്ഞല്ലോ
വള....നീ
നീ....വള
വള നീ
വളയരുതു നീ
വീണ്ടും
വളയണിയു നീ
ചാലഞ്ച്
ഒല്ലൂര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ സെന്‍റര്‍
ഏപ്രില്‍ 2007
* ഡി-സോണ്‍ കലോത്സവത്തില്‍ രണ്ടാം സ്ഥാനം നേടിയ കവിത
അതല്ലിതല്ലേതുമല്ലൊന്നുമില്ല
ജീവനൊരു മഴവില്ലൂഞ്ഞാലായി
ഇഹപരങ്ങളിലേക്കാടിയതല്ല
വെറുതേ തുറന്നുവെച്ച
അഞ്ചിന്ദ്രിയങ്ങളില്‍ നിന്നവന്‍
ആറാമിന്ദ്രിയത്തിലേക്ക്
സ്വപ്നവാക്ച്യുതികൊണ്ട്
പാലം പണിഞ്ഞതിനെക്കുറിച്ചല്ല തീയില്‍ നടക്കുമ്പൊഴെങ്ങനെ സാദ്ധ്യമീ മൌനമെന്ന മുഴക്കമുറ്റ ചോദ്യവുമല്ല
ലോകകരകളില്‍ മുറിഞ്ഞൊഴുകുമിടങ്ങളെ
ക്കുറിച്ചൊറ്റയ്ക്കല്ല
ഇലപോലെക്കരിയും ബാല്യങ്ങളെക്കുറിച്ചല്ല
സാക്ഷികള്‍ പലപ്പൊഴും ശിലകളാണെന്നതുമല്ല
പ്രണയമൊരൊറ്റത്തിരിനാളമായി
കടലില്‍ കൊടുങ്കാറ്റുകള്‍ക്കുകുറുകെ
നമുക്കുള്ളില്‍ തുഴയുന്നതിനെക്കുറിച്ചല്ല
ധ്രുവത്തില്‍ മഞ്ഞുരുകുന്നതിനെക്കുറിച്ചോ അതിര്‍ത്തിയില്‍ മഞ്ഞുരുകാത്തതിനെക്കുറിച്ചോ സദ്ദാമിന്‍റെ ശ്വാസം നിലച്ചതിനേക്കുറിച്ചോ
സൂക്കിയുടെ വീട്ടുതടങ്കലിനെക്കുറിച്ചോ
അഞ്ചുവയസ്സുകാരന്‍റെ നെഞ്ചിലൂടെ വെടിയുണ്ട
ഇളങ്കാറ്റായി കടന്നതിനേക്കുറിച്ചോ
തൂങ്ങിമരിച്ച കര്‍ഷകന്‍റെ പെണ്‍മക്കളെക്കുറിച്ചോ
കടം ആല്‍മരമായ ഗ്രാമങ്ങളെക്കുറിച്ചോ അല്ല... അല്ലെങ്കിലും കാണികളെന്താണ് കാണാറുള്ളത്? കേള്‍വിക്കാരെന്താണറിയാറുള്ളത്
കത്തിക്കൊഴിയും ധൂമകേതുവിന്നുള്ളറിയാതെ മുഖം കാണുമത്രമാത്രം
ആട്ടക്കാരന്‍റെ വീടിനെയറിയാതെ
മുദ്രകളില്‍ ലയിച്ചിരുന്നാനന്ദിക്കും
അറിയാം ഒരാളൊഴിച്ച് മറ്റെല്ലാവരും
നമ്മെ ഉപേക്ഷിച്ച് അവനവന്‍റെ
ദുഃഖങ്ങളിലേക്ക് കുടില്‍ കെട്ടാന്‍ പോകും
അറിയുക! ഈ നക്ഷത്രമൊരിക്കലും നമ്മുടെ വീട്ടുമുറ്റത്തൊതുങ്ങുകയില്ല
ഉള്ളതിനെക്കുറിച്ചുമാത്രമല്ല
സാക്ഷ്യങ്ങള്‍ ഇല്ലാത്തതിനെക്കുറിച്ചുമാണ്.
എങ്കിലും
പറയാന്‍ തുടങ്ങിയതതല്ലിതല്ലേതുമ ല്ലൊന്നുമില്ലൊന്നുമില്ലായ്മയിലൊന്നുമാത്രം
അനിര്‍വ്വചനീയം
ഒല്ലൂര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ സെന്‍റര്‍
2007 കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കവിത
വറ്റിനെച്ചുറ്റി ഓര്‍മ്മകളില്‍
മേയുമ്പോള്‍
ഓരോ വാക്കിനെ
ചുറ്റിപ്പറ്റിയുമുണ്ട്
വാക്കിന്നൊരു പറ്റം
മുക്കുറ്റിപ്പൂവുകള്‍
പറഞ്ഞുതീരാത്ത
മുള്‍ച്ചെടിക്കൂട്ടങ്ങള്‍
ഓരോ പിറവിയെ
ച്ചുറ്റിയുമുണ്ട്
ഇത്തിരിപ്പോന്ന
പ്രകാശവലയങ്ങള്‍
ഓരോ വാക്കിനെ
ചുറ്റിപ്പറ്റിയുമുണ്ട്
നവരസങ്ങള്‍
അരങ്ങില്‍ നിറയുന്നു
ണ്ടാടുന്നുണ്ടാജന്മത്തോളം
പട്ടിണി,പരിവട്ടം
അവസാനത്തെ പ്രതീക്ഷ
പശി, അന്നം
പുകയാത്ത അടുപ്പുകളുടെ ചരിത്രം
പഴയ കാട്ടുപുല്‍ക്കതിരിന്‍റെ കഥ മെഗല്ലനും കൊളമ്പസ്സിനും വന്‍കരകള്‍
കണ്ടെത്താന്‍ കഴിയുന്നതിനും
സഹസ്രാബ്ദങ്ങള്‍ മുമ്പ്
തൊലിനിറങ്ങള്‍ക്കുമപ്പുറത്ത് വറ്റെനിക്കൊറ്റപ്പെടലും
ചിഹ്നീയമായ വേദനയും
സ്വപ്നവും തത്ത്വശാസ്ത്രവുമാണ്
അല്ല! അതിനെല്ലാമപ്പുറമാണ്
സമയത്തിനടുപ്പില്‍ നിന്നും
ഇറക്കിവെക്കാത്തതുകൊണ്ട്
വറ്റിപ്പോയ അന്നമാണ് ഞാന്‍.
2006-07 കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്‍റര്‍ സോണില്‍
മൂന്നാം സ്ഥാനം നേടിയ കവിത
നോക്കൂ...കാളിദാസന്‍റെ കാലം പോലുമായില്ല
എന്തെല്ലാം പറയാനിരിക്കുന്നു
അവരെന്തെല്ലാം പൂഴ്ത്തിവെക്കുന്നു
കെടാത്ത നക്ഷത്രങ്ങളെപ്പോലും
ഇരുട്ടില്‍ കുഴിച്ചിടുമീ കാലത്ത് ഞാന്‍ നിന്നെ അവിശ്വസിക്കുന്നു
നിന്‍റെ പറയപ്പെടാത്ത
വാക്കുകളെച്ചൊല്ലി
ഞാന്‍ നീയുമായി കലമ്പുകയും
വെടിമരുന്നിന്‍റെ
നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്നു
എന്തുകൊണ്ട് നിനക്കൊച്ചയുണ്ടായില്ല?
അറിയുക... നമുക്കിടയിലിന്ന്
വന്‍കരയ്ക്കും വന്‍കരയ്ക്കുമിടയിലെ
കടല്‍വിസ്താരം
ഗ്രഹത്തിനും ഗ്രഹത്തിനുമിടയിലെ
അന്തരീക്ഷശൂന്യത...
നീയെന്തുചെയ്തു?
പിറവിക്കും
മരണത്തിനുമിടയില്‍
നിന്‍റെ അമ്മയോടും അച്ഛനോടും
സഹോദരങ്ങളോടും?
നീയാരുമാകട്ടെ
പ്രവാചകനോ
ഭരണാധിപനോ
ഈശ്വരനോ
പ്രജയോ ആരുമായ്ക്കൊള്ളട്ടെ
നിന്‍റെ ഒച്ചയെവിടെ
നീയതാര്‍ക്ക് പണയം വെച്ചു?
അപകടകാലത്ത് പരാജയപ്പെടുന്ന
വേദാന്തപുസ്തകം
കത്തിച്ചുകളയുക ദരിദ്രന്‍റെ ചാളയിലേക്ക്
ഇറങ്ങിവരാത്ത ഈശ്വരന്മാരെ
ചില്ലുടച്ച് ചിത്രങ്ങളില്‍ നിന്ന്
പടിയിറക്കിവിടുക
ആരു നിന്‍റെ ഭാഗധേയം,
പ്രണയം, സ്വപ്നം
മണ്ണ്, മേല്‍വിലാസം?
കവിതയെഴുതാന്‍ തീരുമാനിക്കുക എന്നാല്‍
എല്ലാ ഋതുക്കളിലൂടെയും
കാലങ്ങളിലൂടെയും നഗ്നനായി അലയാന്‍
പുറപ്പെടുക എന്നാണര്‍ഥം
ചോദിക്കേണ്ടവ ചോദിച്ചതുകൊണ്ട്
കുരിശേറുന്നെങ്കില്‍ ഏറട്ടെ
മുറിയുന്നെങ്കില്‍ മുറിയട്ടെ
മുറിവുകള്‍ക്കും സൂര്യനുണ്ട്
ഏകാന്തത്തില്‍ നീ കൂട്ടുണ്ട്
നമ്മുടെ ശിരസ്സിനെ ഛേദിക്കാനേ ആവൂ
പ്രണയത്തെയാവില്ല!!
അമ്മയെനിക്കന്നവുമച്ഛന്‍ വഴിയും
പ്രണയമെനിക്കൊറ്റത്തിരിനാളവും
“കുടുംബത്തില്‍ ജനിച്ചു
കവിയായിപ്പിഴച്ചു”
അവര്‍ക്കു ഞാന്‍ പരിഹാസപുസ്തകം
അഞ്ചടി പത്തിഞ്ചു നീളത്തിനുള്ളില്‍ ഒരുകാലത്ത് ഇഹത്തിലോ
പരത്തിലോ ഇല്ലാത്ത കാലത്ത്
ആരുമൊരാളെ ആരാധിക്കേണ്ടതില്ല
ജീവിച്ചിരിക്കുന്ന കാലത്തല്ല വരാനിരിക്കുന്ന കാലത്ത്
ജീവിക്കുന്നവനാണ് കവി
നോക്കൂ...
കാളിദാസന്‍റെ കാലം പോലുമായില്ല!
സംഭവാമി യുഗേ യുഗേ
സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും നല്ലതിന്.
2002 ല്‍ എഴുതി
2007 ല്‍ കേരളവര്‍മ്മ ഡോക്യുഫിക്ഷന്‍റെ ആമുഖമായി ആലപിച്ചു
യാത്രക്കാര്‍
കാറ്റായി വന്നു നീ കടലായിരമ്പി നീ ഉണര്‍വ്വായി
ഉയിരായി
തീരാത്ത നിറവായി
നിനവിലൊരു പൂമ്പാറ്റ പലതായി
പലകുറി മൊഴിഞ്ഞൊരാ
വാക്കായി
മഴവരും മുമ്പ് നീ മഴവില്ല് മഴയത്ത് നീ നിറക്കുടയായി
പൂവായി സ്പന്ദമായ് പടരും മുഴക്കമായ്
നേര്‍വ്വരച്ചിത്രമായ്
നേര്‍മ്മയായി
നേര്‍ത്ത പാട്ടായി
താളം പിടിക്കും
ഇലകളായി
കരിമ്പച്ചിലകളായി നീ
നാഡികള്‍ വ്യൂഹങ്ങളായി
നെല്‍പ്പാടമായി നീ
പുഴയായി
നീയറിഞ്ഞോ
ഞാനറിഞ്ഞു
ഇന്നലെപ്പാടിയതിനിന്നത്തെയീണം
ഇന്നലെക്കണ്ടതിനുമിന്നത്തെഛായ
നമ്മള്‍ വഴിയാത്രികര്‍
കാലാന്തരങ്ങളില്‍
തേര്‍തെളിക്കുമ്പോള്‍
നമ്മളറിയുന്നു
നാം വെറും
യാത്രക്കാര്‍
അനുബന്ധം:-
മലയാള കവിത- എന്‍റെ വര്‍ഷങ്ങള്‍
1. 1990- ബോയ്സ് - ഒന്നാം സ്ഥാനം
2. 1992- പാഠശാല - രണ്ടാം സ്ഥാനം
3. 1994- പാഠശാല - ഒന്നാം സ്ഥാനം
4. 1995- പാഠശാല - ഒന്നാം സ്ഥാനം
5. 1996- പാഠശാല - രണ്ടാം സ്ഥാനം
6. 1997- പാഠശാല - ഒന്നാം സ്ഥാനം
7. 1998- പാഠശാല - ഒന്നാം സ്ഥാനം
8. 1999- ബോയ്സ് - ഒന്നാം സ്ഥാനം
9. 2000- ബോയ്സ് - ഒന്നാം സ്ഥാനം
10. 2001- കേരളോത്സവം - ഒന്നാം സ്ഥാനം
11. 2001- ചിറ്റൂര്‍ കോളേജ് - രണ്ടാം സ്ഥാനം
12. 2003- റോട്ടറി അവാര്‍ഡ് - ഒന്നാം സ്ഥാനം
13. 2003- കേരളോത്സവം - ഒന്നാം സ്ഥാനം
14. 2004- മൂന്നാമിടം കലാലയ കവിതാ അവാര്‍ഡ്
15. 2004- കേരളോത്സവം - ഒന്നാം സ്ഥാനം
16. 2005- കേരളവര്‍മ്മ - ഒന്നാം സ്ഥാനം
17. 2005- മലയാള പഠനഗവേഷണ കേന്ദ്രം കവിതാ അവാര്‍ഡ്
18. 2005- കേരളോത്സവം ജില്ലാതലം- - ഒന്നാം സ്ഥാനം
19. 2007- ഒല്ലൂര്‍ - ഒന്നാം സ്ഥാനം
20. 2007- ഡി-സോണ്‍ - രണ്ടാം സ്ഥാനം
21. 2007- ഇന്‍റര്‍ സോണ്‍ - മൂന്നാം സ്ഥാനം
അതല്ലിതല്ലേതുമല്ലൊന്നുമില്ലൊന്നുമില്ലായ്മയിലൊന്നുമാത്രം
അനൂപ്.എം.ആര്‍
ബാംഗ്ലൂര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കൊളളാം അനൂപ്
മറുപടിഇല്ലാതാക്കൂആശംസകള്
ഞാനും തൃശ്ശൂരാണേ
എന്റെ പ്രസിദ്ധീകരിച്ച ചില കവിതകള്‍ നോക്കണേ
www.tiranottam.blogspot.com
(സംസ്കൃ സര്‍വകലാശാല യുവജനോത്സവത്തില്‍ രണ്ടു തവണ ഒന്നാം സ്ഥാനം ലഭിച്ചു)